പതിനഞ്ചാം കേരള നിയമസഭ

അഞ്ചാം സമ്മേളനം

ശ്രീ. രമേശ് ചെന്നിത്തല എം.എൽ.എ. യുടെ 13.07.2022 ലെ ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി

 

സർ,

മെഡിസെപ് ഇന്ത്യയ്ക്ക് തന്നെ മാതൃകയാകാൻ പോകുന്ന ഒരു സമ്പൂർണ്ണ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആസൂത്രണം ചെയ്ത നൂതനമായ പദ്ധതിയാണ് 2022 ജൂലൈ 1 -ന് രണ്ടാം പിണറായി സർക്കാർ യാഥാർത്ഥ്യമാക്കിയത്. ഈ പദ്ധതിയിൽ സർക്കാർ ജീവനക്കാർ മാത്രമല്ല, സർവ്വകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും അവരുടെ ആശ്രിതരും അടങ്ങുന്ന 40 ലക്ഷത്തോളം പേർ ഗുണഭോക്താക്കളാണ്.

 

ഇന്നത്തെ ശ്രദ്ധക്ഷണിക്കലിലെ പ്രധാന ആക്ഷേപം മുമ്പ് ലഭിച്ചുകൊണ്ടിരുന്ന മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ആനുകൂല്യം നിർത്തലാക്കി എന്നതാണ്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. മെഡിസെപ് പദ്ധതി നടപ്പിലാക്കിയതിന് ശേഷവും ഔട്ട്പേഷ്യന്റ് മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് തുടരുന്നുണ്ട്. പലിശരഹിത മെഡിക്കൽ അഡ്വാൻസും നിലനിർത്തിയിട്ടുണ്ട്. കൂടാതെ പെൻഷൻകാർക്ക് നിലവിൽ നൽകിവരുന്ന മെഡിക്കൽ അഡ്വാൻസ് തുടർന്നും ലഭ്യമാക്കും.

ഈ ഇൻഷുറൻസ് പദ്ധതിയ്ക്കായി പ്രതിമാസം 500 രൂപ ഈടാക്കുന്നുവെന്നും അതിൽ നിന്നും 40 കോടിയോളം രൂപ സർക്കാരിന് ലഭിക്കുന്നു എന്നുമാണ് മറ്റൊരു ആക്ഷേപം.

മെഡിസെപ് പദ്ധതി സംബന്ധിച്ച എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. പദ്ധതിയുടെ വിശദാംശങ്ങൾ 23.06.2022 -ലെ സ.ഉ.(പി)നം.70/2022/ധന ഉത്തരവിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൈപ്പുസ്തകവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് ഈ വിവരങ്ങളിലൂടെ ഒന്ന് കണ്ണോടിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നിലവിലുള്ള മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ അംഗമാകാൻ ഒരു കുടുംബത്തിന് ഏറ്റവും കുറഞ്ഞത് പ്രതിവർഷം പതിനായിരം രൂപ മുതൽ പന്ത്രണ്ടായിരം രൂപവരെയാകും. 50 വയസ്സുകഴിഞ്ഞാൽ പ്രീമിയം തുക 25,000/-ലധികമാകുന്ന സ്ഥിതിയാണ് കമ്പോളത്തിലുള്ളത്. ഇതിനായി നിരവധി മെഡിക്കൽ ചെക്കപ്പുകളും നടത്തേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം വെറും 6000/- രൂപ പ്രതിവർഷം പ്രീമിയത്തിൽ നടപ്പിലാക്കിയ മെഡിസെപ് പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത്.

വാർഷിക പ്രീമിയം ഇനത്തിൽ ജി.എസ്.ടി ഉൾപ്പെടെ ഈടാക്കുന്ന 6000/- രൂപയിൽ, ഇൻഷ്വറൻസ് കമ്പനിക്ക് പ്രീമിയം ഇനത്തിൽ നൽകുന്ന 5664/- രൂപയിൽ അധികരിക്കുന്ന തുക (ഏകദേശം 40 കോടിയോളം രൂപ) ഒരു അഡീഷണൽ ബെനിഫിറ്റ് പാക്കേജ് എന്ന തരത്തിൽ പന്ത്രണ്ട് മാരക രോഗങ്ങൾക്കും അവയവമാറ്റ ശസ്ത്രക്രിയയ്ക്കും വേണ്ടി കോർപ്പസ് ഫണ്ട് രൂപീകരിച്ച് അതിൽ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കും. അല്ലാതെ അത് സർക്കാരിന്റെ വരുമാനമല്ല. ഇതിനൊക്കെ പുറമേ ഈ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് അധിക ഭരണ ചെലവുണ്ട് എന്ന് കൂടി സഭയുടെ ശ്രദ്ധയിൽപ്പെടുത്തട്ടെ.

എംപാനൽ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിൽ മാത്രമേ ഈ പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കുകയുള്ളൂ. എങ്കിലും അപകട/ജീവന ഭീഷണിയുള്ള അടിയന്തിര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പദ്ധതിയുടെ കീഴിൽ പരിരക്ഷ ലഭിക്കും. ശരിയാണ്, കുറച്ചുകൂടി സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽ എംപാനൽ ചെയ്യപ്പെടാനുണ്ട്. അതിനായുള്ള ചർച്ചകൾ വിവധ തലത്തിൽ വിജയകരമായി പുരോഗമിക്കുകയാണ്. നിലവിൽ എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ ബാലാരിഷ്ടതയായി കണക്കാക്കാവുന്നതാണ്. അല്ലാത്തവ ഗൗരവമായി കണ്ട് നമുക്ക് ഒരുമിച്ച് പരിഹരിക്കാവുന്നതുമാണ്.

 

ആശുപത്രികളുടെ എംപാനൽമെന്റ് സംബന്ധിച്ച് Request For Proposal (RFP) -യിൽ നിഷ്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് വിവിധ ക്ലസ്റ്ററുകളിൽ (ജില്ലകളെ അടിസ്ഥാനമാക്കി) വിവിധ കാറ്റഗറികളിലുള്ള (പദ്ധതിയിലുൾപ്പെട്ടിരിക്കുന്ന 1920 അടിസ്ഥാന ചികിത്സാ പ്രക്രിയകൾക്കും ഗുരുതര രോഗങ്ങൾക്കും അവയവമാറ്റ ശസ്ത്രക്രിയകൾക്കും പ്രയോജനപ്പെടുന്ന) പൊതു/ സ്വകാര്യ ആരോഗ്യ ശൃംഖലകളിലെ 396 (253 സ്വകാര്യ ആശുപത്രികളും 143 സർക്കാർ ആശുപത്രികളും) ആശുപത്രികളെയാണ് പദ്ധതിയുടെ ആരംഭ ഘട്ടത്തിൽ ഓറിയന്റൽ ഇൻഷുറൻസ് കമ്പനി എംപാനൽ ചെയ്തിട്ടുള്ളത്. പദ്ധതിയുടെ കാലാവധിയ്ക്കുള്ളിൽ എപ്പോൾ വേണമെങ്കിലും പുതിയതായി വരുന്ന ആശുപത്രികളെ എംപാനൽ ചെയ്യാൻ കഴിയുന്നതാണ്.

 

മെഡിസെപ് പദ്ധതിയിൽ ഇൻഷ്വറൻസ് കമ്പനിയുമായി കരാറിൽ ഒപ്പിട്ടിരിക്കുന്ന ആശുപത്രികൾക്ക് പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് തന്നെ മെഡിസെപ് സൗകര്യം 01.07.2022 മുതൽ നൽകുന്നതിനുള്ള വിദഗ്ധ പരിശീലനവും നിർദ്ദേശങ്ങളും നൽകി കഴിഞ്ഞതായി ഇൻഷ്വറൻസ് കമ്പനി അറിയിച്ചിട്ടുണ്ട്.

ഇതു കൂടാതെ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ ജീവനക്കാർക്കോ പെൻഷൻകാർക്കോ ഉണ്ടായാൽ അതു പരിഹരിക്കുന്നതിനായി ത്രിതല പരാതി പരിഹാര സംവിധാനം രൂപീകരിച്ചിട്ടുണ്ട്.

സർ, ഈ പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കളുടെ വിശദാംശങ്ങൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു.

 

ആദ്യ പെൻഷണർ

ശ്രീ.ചന്ദ്രൻ.കെ.പി, ശ്രീനാരായണ മെഡിക്കൽ കോളേജ്, എറണാകുളം, തുക – 1,02,800

 

ആദ്യ ജീവനക്കാരി

 

ശ്രീമതി.നിസാമോൾ റ്റി റഹിം (ഇടുക്കി ജില്ല)

 

· ജൂലൈ 1 മുതൽ ഇതുവരെ മെഡിസെപ്പിൽ 902 പേർക്ക് ഗുണഫലം ലഭിച്ചുകഴിഞ്ഞു.

· ഏകദേശം 1,89,56,000 രൂപയിലധികം ക്ലെയിം നൽകി കഴിഞ്ഞു.

· 1500 ഓളം ഗുണഭോക്താക്കളുടെ ക്ലയിം പ്രോസസ്സിംഗിലാണ്.

 

സർ, നമുക്ക് എല്ലാവർക്കുമറിയാം, മെഡിസെപ് പദ്ധതി വരുന്നതിനുമുമ്പ് നിലവിലുണ്ടായിരുന്ന മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് പദ്ധതി പ്രകാരം പണം ലഭിക്കാൻ നിരവധി കടമ്പകൾ കടക്കണമായിരുന്നു. ഏത് സർക്കാർ ഭരണത്തിലിരുന്നാലും സാധാരണഗതിയിലെ ഫയൽനീക്കത്തി ലൂടെ ഒരു രോഗിക്ക് പണം തിരികെ ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടിവരുമായിരുന്നു. പലപ്പോഴും ക്ലയിം ചെയ്യുന്ന തുക മുഴുവനായും ലഭിക്കാറുമില്ല. അവിടെയാണ് ചികിത്സ ആരംഭിക്കുന്ന ദിവസം മുതൽ തന്നെ (നേരത്തെ ഉണ്ടായിരുന്ന അസുഖങ്ങൾക്ക് ഉൾപ്പടെ) പണരഹിതമായി (Cashless) ചികിത്സ നൽകാൻ കഴിയുന്ന നൂതനമായ പദ്ധതിയായ മെഡിസെപിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്. മെഡിക്കൽ റീംഇംബേഴ്സ്മെന്റ് സംവിധാനം മാത്രമുണ്ടായിരുന്ന സാഹചര്യത്തെ അപേക്ഷിച്ച് അനവധിമടങ്ങ് ആളുകൾക്ക് മെഡിസെപ്പിലൂടെ ആരോഗ്യ പരിരക്ഷ ലഭിക്കും. ഇത് നടപ്പിലാക്കുമ്പോഴുള്ള ബാലാരിഷ്ടതകളെ പെരുപ്പിച്ച്കാണിച്ച് പദ്ധതിയെ തകർക്കാനുള്ള അരാഷ്ട്രീയ നിലപാടുകളെ ഈ നാട്ടിലെ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരുമടങ്ങുന്ന പൊതുസമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും.