കൂടുതല്‍ പരിഷ്കാരങ്ങളോടെ സംയോജിത ധനകാര്യ മാനേജ്മെന്റ് സംവിധാനം (IFMS)
ധനകാര്യ ഇടപാടുകളുടെ ആധുനികവത്ക്കരണം ലക്ഷ്യമാക്കി ആവിഷ്കരിച്ച സംയോജിത ധനകാര്യ മാനേജ്മെന്റ് സംവിധാനം (IFMS) കൂടുതൽ സംവിധാനങ്ങളോടെ പരിഷ്കരിച്ചു. സുതാര്യവും കാര്യക്ഷമവുമായ സേവനം നൽകുന്ന മികച്ച ധനകാര്യ മാനേജ്മെന്റ് നടപ്പിലാക്കുക എന്നതാണ് IFMS ന്റെ ഉദ്ദേശ്യം. ഇ-ഗവേണൻസിന് ശക്തിപകരുന്ന, കടലാസ് രഹിതവും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിയ്ക്കുന്നതുമായ ഇ ഓഫീസ് സംവിധാനത്തിലേക്ക് എത്തിച്ചേരുന്നതിനുമുള്ള മഹത്തായ കാൽവെയ്പ്പാണ് IFMSലൂടെ കൈവരിച്ചിട്ടുള്ളത്. പുതിയ സംവിധാനങ്ങളുടെ ഭാഗമായി ട്രഷറി ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിന് ജീവനക്കാർക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് സൗകര്യം നിലവിൽ വന്നു. ഇതുവഴി പണമിടപാടിലെ സുരക്ഷിതത്വവും സുതാര്യതയും ഉറപ്പുവരുത്താനാകും. ആദ്യ ഘട്ടത്തിൽ ഓഫീസുകളിലും തുടർന്ന് ഓരോ സീറ്റിലും ഇത് ബാധകമാകും. IFMS സേവനങ്ങളുടെ ഭാഗമായുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിന് ഔദ്യോഗിക ഇ-മെയിൽ ഐഡി അടിസ്ഥാനമാക്കിയുള്ള സിംഗിൾ സൈൻ സൗകര്യം നിലവിൽ ലഭ്യമാണ്. എല്ലാ IFMS ആപ്ലിക്കേഷനുകളും ഇനി www.ifms.kerala.gov.in എന്ന ലിങ്കിൽ ലഭ്യമാകും.
ഗസറ്റഡ് ഓഫീസർമാരുടെ സ്ഥാനക്കയറ്റം സ്ഥലംമാറ്റം മുതലായവയുടെ ഭാഗമായി RTC, CTC എന്നിവ AG ഓഫീസിൽ ഓൺലൈനായി സമർപ്പിക്കുന്നതിന് നിലവിലുള്ള ആൻഡ്രോയ്ഡ് ആപ്ലിക്കേഷനോടൊപ്പം പുതിയ IOS ആപ്ലിക്കേഷനും നിലവിൽ വന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യപരിപാലനം ഫലപ്രദമായി നിർവ്വഹിക്കുന്നതിനായി ധനവകുപ്പിന്റെ നേതൃത്വത്തിൽ അക്കൗണ്ടൻറ് ജനറൽ, റിസർവ് ബാങ്ക്, ഏജൻസി ബാങ്കുകൾ, മറ്റ് വകുപ്പുകൾ എന്നിങ്ങനെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരെയും സംയോജിതവും കേന്ദ്രീകൃതവുമായ നിർവ്വഹണ സംവിധാനത്തിന്റെ കീഴിൽ കൊണ്ടുവരികയെന്നതും IFMS -ന്റെ ലക്ഷ്യമാണ്.
റവന്യൂ മാനേജ്മെന്റിന് വിവിധ ബാങ്കുകളെ ബന്ധിപ്പിച്ച ഇ-ട്രഷറി, ബില്ലുകൾ കേന്ദ്രീകൃതമായി പാസാക്കാനുള്ള Core TIS, ബജറ്റ് വിഹിതം നൽകാനും നിരീക്ഷിക്കാനും BAMS, ശമ്പളത്തിന് SPARK, മറ്റു ബില്ലുകൾക്ക് BIMS, കേന്ദ്രീകൃത പെൻഷൻ കാര്യങ്ങൾക്ക് PIMS, അക്കൗണ്ട് കാര്യങ്ങൾക്ക് (IAMS, വെയ്സ് ആന്റ് മീൻസിന് WAMS, ഏതു ട്രഷറിയിൽ നിന്നും പണം പിൻവലിക്കാൻ കഴിയുന്ന കോർ ബാങ്കിംഗ്, മുദ്രപ്പത്രങ്ങളുടെയും സ്റ്റാമ്പുകളുടെയും വിതരണവും വിൽപ്പനയും മാനേജ് ചെയ്യുന്നതിനുള്ള CRA, സർക്കാർ സേവനങ്ങൾക്ക് വേണ്ടിയുള്ള ഫീസുകളും ചാർജുകളും സ്വീകരിക്കാനായി ഇ-പോസ് മെഷീനുകൾ, ഇന്റർനെറ്റ് ബാങ്കിങ്, ട്രഷറി അക്കൗണ്ടുടമകൾക്ക് Kerala TSB എന്ന പേരിലും സംസ്ഥാന പെൻഷൻകാർക്ക് Kerala Pension എന്ന പേരിലും മൊബൈൽ ആപ്ലിക്കേഷൻ, സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനായി e-TSB അക്കൗണ്ട്, ട്രഷറി വകുപ്പിൽ മെച്ചപ്പെട്ട ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റ്റം (ISMS) ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ISO 27001 സർട്ടിഫിക്കേഷൻ സ്റ്റാൻഡേർഡ് നേടുന്നതിനുള്ള നടപടികൾ, പെൻഷൻ റിക്കോർഡുകളുടെ ഡിജിറ്റൈസേഷൻ എന്നിങ്ങനെ ആധുനികമായ വിവിധ സങ്കേതങ്ങൾ ഉൾക്കൊണ്ടതാണ് IFMS.
സർക്കാരിന്റെ ധന ഇടപാടുകൾ പൂർണ്ണമായും കടലാസുരഹിതമാക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ധനകാര്യ വകുപ്പിലും ട്രഷറി വകുപ്പിലും ഇപ്പോൾ എല്ലാ HR claim, PF ബില്ലുകൾ ഓൺലൈനായി സമർപ്പിക്കുകയും ഓൺലൈൻ ആയി തന്നെ പണം അക്കൗണ്ടുകളിൽ
എത്തുകയും ചെയ്യുന്നു.
IFMS നടപ്പിലാക്കിയതിന്റെ ഭാഗമായി ട്രഷറികളിൽ സമർപ്പിക്കുന്ന ബില്ലുകൾ പാസ്സാക്കി തുക ഗുണഭോക്താക്കളുടെ
അക്കൗണ്ടുകളിലേക്ക് നേരിട്ട് വരവുവയ്ക്കപ്പെടുകയാണ്. ഇടപാടുകളുടെ ഫണ്ട് സെറ്റിൽമെന്റ് ഭാരതീയ റിസർവ് ബാങ്കിന്റെ ഓൺലൈൻ ബാങ്കിംഗ് പ്ലാറ്റ്ഫോമായ ഇ-കുബേർ വഴി ആയതിനാൽ തുക യഥാസമയം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തുകയും
ചെയ്യുന്നു.