അഞ്ചാം സമ്മേളനം
ശ്രീ. പി. നന്ദകുമാര്‍ എം എൽ എ നല്‍കിയിട്ടുള്ള 31/08/2022 തീയതിയിലേക്കുള്ള ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നൽകിയ മറുപടി
കേന്ദ്ര സര്‍ക്കാർ പിന്തുടരുന്ന സാമ്പത്തിക നയങ്ങൾ സംസ്ഥാന സര്‍ക്കാരിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണ് കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതവും കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെയുള്ള വിഭവ കൈമാറ്റവും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിനു ലഭിക്കേണ്ട വിഹിതത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കേണ്ട നികുതി വിഭവങ്ങളുടെ അനുപാതം പതിനാലാം ധനകാര്യ കമ്മീഷനില്‍ 42 ശതമാനമായിരുന്നത് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ 41 ശതമാനമായി കുറച്ചിട്ടുണ്ട്. ഡിവിസിബിള്‍ പൂളില്‍ നിന്നും കേരളത്തിന് നല്കുന്ന വിഹിതത്തിലും ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. 10-ാം ധനകാര്യ കമ്മീഷൻ കാലയളവിൽ 3.875 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം പതിനാലാം ധനകാര്യ കമ്മീഷന് കാലയളവില്‍ 2.5 ശതമാനമായും, പതിനഞ്ചാം ധനകാര്യ കമ്മീഷന് കാലയളവിൽ 1.925 ശതമാനമായും കുറവ് ചെയ്തിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതത്തിലും വന്‍ കുറവുണ്ടായിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി ഗ്രാന്റിനത്തിൽ ലഭ്യമായത് 5141 കോടി രൂപ ആയിരുന്നുവെങ്കിൽ, അക്കൗണ്ടന്റ് ജനറലിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം ഈയിനത്തിൽ 3798 കോടി രൂപ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇതിനു പുറമേ, ജി.എസ്.ടി നഷ്ടപരിഹാരം 2022 ജൂണിൽ അവസാനിക്കുന്നതും 2023-24 ന് ശേഷം നിലവിൽ ലഭിച്ചുവരുന്ന റവന്യൂ കമ്മി ഗ്രാന്റ് നിലക്കുന്നതും കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാർ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി അനുവദിച്ചു നല്‍കിയിരുന്ന കടമെടുപ്പ് പരിധിയായ 4.5 ശതമാനം തിരികെ 3 ശതമാനത്തിലേയ്ക്ക് കൊണ്ടു വരുന്നതും സംസ്ഥാന സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. കേന്ദ്ര ആസൂത്രണ കമ്മീഷൻ നിലവിൽ ഉണ്ടായിരുന്നപ്പോള്‍ ലഭിച്ചു കൊണ്ടിരുന്ന ഒറ്റത്തവണ കേന്ദ്രസഹായം, അധിക കേന്ദ്ര സഹായം, സാധാരണ കേന്ദ്ര സഹായം എന്നിവ കേന്ദ്രസര്‍ക്കാർ ഇതിനകം തന്നെ നിര്‍ത്തലാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കടബാധ്യതയിൽ ഉള്‍പ്പെടുത്തുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാർ നിലവിൽ സ്വീകരിച്ച് വരുന്നത്. ഈ നിലപാടിനോട് സംസ്ഥാന സര്‍ക്കാരിനുള്ള ശക്തമായ വിയോജിപ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചുകൊണ്ട് സംസ്ഥാനം പല തവണ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നുവെങ്കിലും അനുകുലമായ നടപടി ഇക്കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ വിയോജിപ്പ് അംഗീകരിക്കാതെ പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങള്‍ 2021-22-ല്‍ കടമെടുത്ത 14312.80 കോടി രൂപ നാലു തവണകളായി സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് കുറയ്ക്കുകയും ഇതിന്റെ ഭാഗമായി നടപ്പ് വര്‍ഷം 3578.20 കോടി രൂപ കടമെടുപ്പ് പരിധിയിൽ നിന്ന് കുറവ് വരുത്തുകയും ചെയ്തു. സംസ്ഥാന നിയമസഭ ബജറ്റ് പാസാക്കിയതിന് ശേഷം കടമെടുപ്പ് പരിധിയില്‍ കുറവ് വരുത്തുന്നത് സംസ്ഥാനത്തിന്റെ വികസന മുന്‍ഗണനകളെ താളം തെറ്റിക്കുകയും നടന്നു കൊണ്ടിരിക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തിൽ കാലതാമസം വരുത്തുന്നതിന് ഇടവരുത്തുകയും ചെയ്യും. കേന്ദ്രസര്‍ക്കാർ കൈക്കൊള്ളുന്ന ഇത്തരം നടപടികൾ ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് നിരക്കുന്നതല്ല.
വാറ്റും ജി.എസ്.ടിയും നടപ്പിലാക്കിയതോടുകൂടി സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയ്ക്കനുസൃതമായി നികുതി നിരക്കിലും വരുമാനത്തിലും മാറ്റം വരുത്താനുള്ള അധികാരം പൂർണ്ണമായും ഇല്ലാതായി. ഈ സാഹചര്യത്തിൽ നികുതി വരുമാനം കാര്യക്ഷമമാക്കുന്നതോടൊപ്പം നികുതിയിതര വരുമാനവും വർദ്ധിപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതിനായി പലവിധ മാർഗ്ഗങ്ങൾ സർക്കാർ സ്വീകരിച്ചുവരുന്നു.
മണല്‍/ വാഹന വില്പന
“ 2013 ലെ നദീസംരക്ഷണവും മണൽ വാരൽ നിയന്ത്രണവും” ഭേദഗതി നിയമത്തിലൂടെ 23-ാം വകുപ്പ് കൊണ്ടുവന്നിട്ടുള്ളതും, സെക്ഷൻ 23(എ) പ്രകാരം അനധികൃതമായി കടത്തുന്ന പുഴ മണലും ആയത് കടത്തുവാൻ ഉപയോഗിച്ച വാഹനവും റവന്യൂ, പോലീസ് വകുപ്പുകൾ പിടിച്ചെടുത്ത് കണ്ടുകെട്ടുകയും, കണ്ട്കെട്ടുന്ന മണൽ പൊതുമരാമത്ത് വകുപ്പ് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന വില ഈടാക്കി നിർമ്മിതി കേന്ദ്രത്തിനോ, കലവറയിലേയ്ക്കോ കൈമാറുകയും അനധികൃത മണൽ കടത്തിൽ പിടിച്ചെടുക്കുന്ന വാഹനം, ഖനനത്തിന് ഉപയോഗിക്കുന്ന സാമഗ്രികൾ എന്നിവ പിടിച്ചെടുത്ത് ലേലത്തിലൂടെ വിറ്റഴിച്ച് അത് പ്രകാരം ലഭിക്കുന്ന തുക ആർ.എം.എഫ് അക്കൗണ്ടിലേയ്ക്ക് ഒടുക്കുകയും ചെയ്യുന്നതാണ് നിലവിലെ രീതി. കേരളത്തിലെ 44 നദികളിലെ 26 നദികളിൽ
“ സാൻഡ് ഓഡിറ്റിംഗ് ” പൂർത്തിയാക്കുകയും മണൽ നിക്ഷേപം കണ്ടെത്തിയിട്ടുള്ള 14 എണ്ണത്തിൽ “ സാൻഡ് മൈനിംഗ് ” ആരംഭിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ജില്ലാ കളക്ടർമാർക്ക് ലഭ്യമാക്കി സാൻഡ് മൈനിംഗ് നടത്തുന്നതിനുള്ള തുടർ നടപടികൾ സ്വീകരിച്ചുവരുകയുമാണ്. ഇപ്രകാരം സാൻഡ് മൈനിംഗിലൂടെ ലഭിക്കുന്ന മണൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കടവ് കമ്മിറ്റികൾ മുഖേനയാണ് നിലവില്‍ വിൽപ്പന നടത്തുന്നത്.
2016 മുതൽ അനധികൃതമായി മണൽ കടത്തിയതിന് റവന്യൂ വകുപ്പ് സംസ്ഥാനത്തൊട്ടാകെ 1175 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇപ്രകാരം പിടിച്ചെടുത്ത വാഹനങ്ങളും ആയതിന് ഉപയോഗിച്ച ഉപകരണങ്ങളും ടി നിയമത്തിലെ വകുപ്പ് 23 എ (1) (2) (3) (4) പ്രകാരമുള്ള നടപടിക്രമങ്ങളിലൂടെ വിൽപ്പന നടത്തുക വഴി ഏകദേശം ആറു കോടിയോളം രൂപ ആർ.എം.എഫ് അക്കൗണ്ടിൽ ഒടുക്കിയിട്ടുണ്ട്.
നർകോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക്സ് സബ്സ്റ്റൻസ് ആക്ട് പ്രകാരം എക്സൈസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കണ്ടുകെട്ടുകയും തുടര്‍ന്ന് അഡീഷണൽ എക്സൈസ് കമ്മീഷണറും, എക്സൈസ് കമ്മീഷണറും യഥാക്രമം അപ്പീലും റിവിഷനും പരിഗണിച്ച് കണ്ടുകെട്ടല്‍ നടപടി സ്ഥിരീകരിച്ച ശേഷം വാഹനം ലേലം ചെയ്ത് വില്‍ക്കുകയും ചെയ്യുന്നു. നർകോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക്സ് സബ്സ്റ്റൻസ് (എന്‍ ഡി പി എസ്) കേസുകളിൽ ജില്ലകളിൽ രൂപീകരിച്ചിട്ടുള്ള ഡിസ്പോസൽ കമ്മിറ്റി കേസിന്റെ നിയമ വശങ്ങൾ പരിശോധിച്ച് വാഹനം കേസിൽ ഉള്‍പ്പെടുന്നതാണെന്ന് കണ്ടെത്തിയാൽ, ഇന്‍വെന്ററി തയ്യാറാക്കി ബഹു. കോടതിയില്‍ സമര്‍പ്പിച്ച്, സാക്ഷ്യപ്പെടുത്തി ലഭിക്കുന്ന മുറയ്ക്ക് വാഹനം ലേലം ചെയ്ത് വില്‍ക്കുകയുമാണ് ചെയ്യുന്നത്. നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് ആവശ്യമായ സമയം മാത്രമാണ് അബ്കാരി കേസുകളിലും, എന്‍ ഡി പി എസ് കേസുകളിലും ഉള്‍പ്പെട്ട വാഹനങ്ങള്‍ വില്പന നടത്തുന്നതിന് ഉണ്ടാകാറുള്ളത്. എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങൾ വേഗത്തല്‍ വില്‍ക്കുന്നതിന് സംസ്ഥാന അടിസ്ഥാനത്തിലുണ്ടായിരുന്ന ഡിസ്പോസൽ കമ്മിറ്റിക്ക് പകരം ഓരോ ജില്ലയിലും ഡിസ്പോസൽ കമ്മിറ്റികൾ രൂപീകരിച്ച് സര്‍ക്കാർ ഉത്തരവായിട്ടുണ്ട്.
പോലീസോ മറ്റ് നിര്‍വഹണ അധികാരികളോ, പിടിച്ചെടുത്തതോ/ തടവില്‍ വച്ചതോ/കണ്ടുകെട്ടിയതോ/കസ്റ്റഡിയില്‍ എടുത്തതോ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ടതോ ആയ വാഹനങ്ങൾ/ ജലയാനങ്ങള്‍ എന്നിവ തീര്‍പ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ വ്യക്തമാക്കി 11/09/2018 ലെ സ.ഉ(പി) നം.60/2018/ആഭ്യന്തരം പ്രകാരം ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ നദികളിലും ജലാശയങ്ങളിലും അടിഞ്ഞുകൂടിയിട്ടുള്ള മണൽ, വിവിധ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികൾ കണ്ടുകെട്ടുന്ന വാഹനങ്ങൾ എന്നിവയുടെ വില്പനയിലൂടെ നികുതിയേതര വരുമാനത്തില്‍ വര്‍ദ്ധനവ് വരുത്തുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ കാര്യക്ഷമമായി നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുന്നതാണ്.