സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ ആധുനികവത്കരിക്കും. കായലുകൾ, തടാകങ്ങൾ, പുഴകൾ, ശുദ്ധജലതടാകങ്ങൾ എന്നിവ ഉൾപ്പെടുന്ന ജലസമ്പത്തിനെ കൃത്യമായി ഉപയോഗിക്കാൻ കഴിയണം. ഇതിന് ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കണം. ഇതിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്താൻ കഴിയും. ഇതിനുളള പ്രവർത്തനങ്ങൾക്കാണ് ശ്രമിക്കുന്നത്.
ആഴക്കടൽ മത്സ്യബന്ധനത്തിനു സഹകരണ സംഘങ്ങളിലൂടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സജ്ജരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകുകയാണ്. ഇതിനാവശ്യമായ ആധുനിക യാനങ്ങൾ ലഭ്യമാക്കും. ജനസംഖ്യയിൽ കേരളത്തെക്കാൾ കുറവുള്ള നോർവേ ആഴക്കടൽ മത്സ്യബന്ധനത്തിൽ ബഹുദൂരം മുന്നിലാണ്. ചരിത്രപരമായിത്തന്നെ സമുദ്ര മേഖലയിൽ മികച്ച പ്രവർത്തന അനുഭവമുള്ളവരാണു കേരളീയർ. ഈ സാധ്യതകൾ ഉപയോഗിക്കുന്നതോടൊപ്പം വ്യാവസായിക അടിസ്ഥാനത്തിൽ മത്സ്യ ഉൽപ്പന്നങ്ങളുടെ സംസ്കരണം, ശീതീകരണം എന്നിവ നടത്താനും കമ്പോളത്തിലെത്തിക്കാനും കഴിയണം. ഇതോടൊപ്പം ജലമലിനീകരണത്തിന്റെ തോതും കുറയ്ക്കണം. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ ജലാശയങ്ങളുടെ സ്വാഭാവികത ഇല്ലാതാക്കുകയും മത്സ്യ സമ്പത്ത് കുറയ്ക്കുകയും ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയർത്തുന്നതോടൊപ്പം ജീവിത സുരക്ഷയും സർക്കാർ ഉറപ്പു വരുത്തുന്നുണ്ട്.