വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ആശങ്കകൾ അടിസ്ഥാനമില്ലാത്തതാണ്. പദ്ധതി നിർമാണം തുടങ്ങിയതുമുതൽ പ്രദേശവാസികളുടേയും മത്സ്യത്തൊഴിലാളികളുടേയും മുഴുവൻ ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിക്കുന്ന സമീപനമാണു സർക്കാർ സ്വികരിച്ചിട്ടുള്ളത്. പദ്ധതിക്കെതിരായി ഇപ്പോൾ നടക്കുന്ന സമരത്തിലെ ഒട്ടുമിക്ക ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുള്ളതാണ്. തുറമുഖ നിർമാണം നിർത്തിവച്ചു പഠനം നടത്തുകയെന്നത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം കപ്പിനും ചുണ്ടിനുമിടയിൽ എത്തിനിൽക്കുമ്പോൾ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്? മുഴുവൻ ജനങ്ങളെയും വസ്തുതകൾ ബോധ്യപ്പെടുത്താൻ സർക്കാർ നടപടിയെടുക്കും.
തുറമുഖ നിർമാണം ആരംഭിച്ചശേഷം മത്സ്യത്തൊഴിലാളികൾക്കും പ്രദേശവാസികൾക്കുമായി ഏറ്റവും മികച്ച പുനരധിവാസ പാക്കേജാണു സർക്കാർ നടപ്പാക്കി. പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഇതിനോടകം 100 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. തുറമുഖത്തിനായുള്ള കരാർ ഒപ്പുവയ്ക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എട്ടു കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളായിരുന്നു ശുപാർശ ചെയ്തത്. എന്നാൽ, സർക്കാർ കൂടുതൽ ഉദാരമായ വ്യവസ്ഥകളും നടപടികളുമാണു സ്വീകരിച്ചത്. പദ്ധതിക്കായി മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുക്കേണ്ടിവന്നിട്ടില്ല. കടലോരത്തുനിന്ന് ഉള്ളിലായി താമസിക്കുന്നവരുടെ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇവിടെ ഭൂമി നഷ്ടപ്പെട്ടവർക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള നഷ്ടപരിഹാരം നൽകി. വീട് നഷ്ടപ്പെട്ടവർക്ക് അഞ്ചു സെന്റ് സ്ഥലം അനുവദിച്ചു പുനരധിവാസം പൂർത്തിയാക്കി. പദ്ധതി പ്രതികൂലമായി ബാധിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജ് തയാറാക്കുന്നതിന് ജില്ലാ കളക്ടർ അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ ശുപാർശനുസരിച്ച് കരമടി തൊഴിലാളികളുടെ പുനരധിവാസത്തിനു വിഴിഞ്ഞം സൗത്തിൽ 317ഉം അടിമലത്തുറയിൽ 625ഉം ഉൾപ്പെടെ 942 തൊഴിലാളികൾക്ക് 5.6 ലക്ഷം രൂപ വീതം 52.75 കോടി രൂപ നഷ്ടപരിഹാരം നൽകി. ചിപ്പി തൊഴിലാളികളുടെ പുനരധിവാസത്തിന് 12.5 ലക്ഷം രൂപ വീതം 73 പേർക്ക് 9.13 കോടി രൂപ വിതരണം ചെയ്തു. 105 കട്ടമര തൊഴിലാളികൾക്കു നഷ്ടപരിഹാരത്തിനു ശുപാർശ തയാറാക്കി തുക വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. റിസോട്ട് തൊഴിലാളികളായ 211 പേർക്ക് 6.08 കോടി രൂപയും നാലു സ്വയംസഹായ സംഘങ്ങളിലെ 33 പേർക്ക് എട്ടു ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകി.
വിഴിഞ്ഞം തുറമുഖം വന്നതോടെ ഹാർബറിലെ തിരയടി കൂടിയതുമൂലമുണ്ടായ അപകടസാധ്യത മുൻനിർത്തി ഈ മേഖലയിലെ എല്ലാ ബോട്ടുകൾക്കും നിർമാണ കമ്പനിയുടെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് ഇൻഷ്വറൻസ് ഏർപ്പെടുത്തി. പുലിമുട്ട് നിർമിച്ചതുമൂലം വലിയ തിരകളിൽപ്പെട്ട് ബോട്ടുകൾ അപകടത്തിൽപ്പെടുന്നുവെന്ന ആക്ഷേപം പഠിക്കാൻ പുനെയിലെ കേന്ദ്ര ഗവേഷണ സ്ഥാപനമായ സിപിഡബ്ല്യുആർഎസിനെ ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പഴയ വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ടിൽ 170 മീറ്റർ നീളമുള്ള ബ്രേക് വാട്ടർ നിർമിക്കാൻ ശുപാർശ ലഭിച്ചിട്ടുണ്ട്. ഇതിന്റെ നിർമാണത്തിന് ഉത്തവായിട്ടുണ്ട്. നിർമാണം പൂർത്തിയാകുമ്പോൾ വലിയ തിരകൾ ഉണ്ടാകില്ലെന്നാണു പഠന റിപ്പോർട്ടിൽ പറയുന്നത്.
വിഴിഞ്ഞം ഹാർബറിന്റെ കവാടത്തിൽ മണ്ണ് അടിഞ്ഞുകൂടി ബോട്ടുകൾ അപകടത്തിൽപ്പെടുന്നുവെന്ന പരാതി പരിഹരിക്കാൻ എല്ലാ വർഷവും ഹൈഡ്രോഗ്രാഫിക് സർവെ നടത്തി കമ്പനിയുടെ നേതൃത്വത്തിൽ ഡ്രഡ്ജിങ് നടത്തുന്നുണ്ട്. ഈ വർഷം കവാടത്തിൽ മണ്ണ് അടിഞ്ഞുകൂടിയിട്ടില്ലെന്നാണു റിപ്പോർട്ട്. തുറമുഖം നിർമിക്കുമ്പോൾ മത്സ്യബന്ധന യാനങ്ങൾ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുന്ന പ്രതിസന്ധി ഒഴിവാക്കാൻ അധികമായി ചെലവാകുന്ന മണ്ണെണ്ണ നൽകുന്നതിന് 2383 ബോട്ടുകൾക്ക് ഒരു വർഷം 27.13 കോടി രൂപ നൽകിയിട്ടുണ്ട്. ഈ വർഷം ഇതു നൽകാൻ 40 കോടി രൂപ ചെലവാകും. വിഴിഞ്ഞം ആരോഗ്യ കേന്ദ്രത്തെ ഏഴു കിടക്കകളുള്ള ആശുപത്രിയാക്കി ഉയർത്തണെമന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. 100 ബെഡുകളുള്ള താലൂക്ക് ആശുപത്രിയാക്കി ഈ ആശുപത്രിയെ ഉയർത്തി. 10 കോടി രൂപ ഇതിനായി ചെലവാക്കിയിട്ടുണ്ട്. പ്രായാധിക്യമുള്ള ആളുകൾക്കായുള്ള പകൽവീട് 1.8 കോടി രൂപ ചെലവിൽ ഫിഷറീസ് വകുപ്പ് നിർമിച്ചു. തുറമുഖം വരുമ്പോൾ സ്വദേശികൾക്കു തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്പനിയുമായി ചർച്ച ചെയ്തിട്ടുണ്ട്. ഇവർക്കു തൊഴിൽ പരിശീലനം നൽകുന്നതിന് അസാപ് 48 കോടി രൂപ ചെലവിൽ പരിശീലന കേന്ദ്രം നിർമിക്കുകയാണ്. പ്രത്യേക മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കും. കുടിവെള്ള ലഭ്യതയ്ക്കായി 1.72 കോടി രൂപ ചെലവിൽ 1000 വീടുകളിൽ കുടിവെള്ള കണക്ഷൻ നൽകി. തുറമുഖം വന്നതോടെ കളിസ്ഥലം നഷ്ടപ്പെട്ടെന്ന പ്രശ്നം പരിഹരിക്കാൻ ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ രണ്ട് ഏക്കർ ഭൂമി വിട്ടുനൽകിയിട്ടുണ്ട്. കളിസ്ഥലം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഒരു മത്സ്യത്തൊഴിലാളിയുടെപോലും കണ്ണീർ വീഴാൻ സർക്കാർ സമ്മതിക്കില്ല. പദ്ധതിയുടെ തുടക്കംമുതൽ സ്വീകരിക്കുന്ന നിലപാട് ഇതാണ്. ഇനിയും അങ്ങനെയായിരിക്കും മുന്നോട്ടുപോകുന്നത്. പദ്ധതി നിർത്തിവയ്ക്കണെമന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല. ഒരു രാജ്യത്തിന്റെ സാമ്പത്തികമായ മെച്ചപ്പെടുത്തലിനെ തടസപ്പെടുത്തുന്നതു രാജ്യദ്രോഹ കുറ്റമാണെന്നും രാജ്യത്തിന് ആവശ്യമുള്ള നിർമാണ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നത് രാജ്യദ്രോഹ കുറ്റമായി കാണണം.
പദ്ധതിയുടെ നിർമാണ ചുമതല നിർവഹിക്കുന്ന അദാനി കമ്പനി നിർമാതാക്കളും നിശ്ചിതകാലത്തേക്കുള്ള നടത്തിപ്പുകാരും മാത്രമാണ്. കേന്ദ്ര സർക്കാർ രാജ്യത്ത് ആദ്യമായി വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിച്ച തുറമുഖ പദ്ധതിയാണു വിഴിഞ്ഞത്തേത്.