State Budget 2023-24

സംസ്ഥാനത്തിന്റെ സമഗ്രമായ വികസനവും ക്ഷേമവും ലക്ഷ്യമിടുന്ന പ്രവർത്തന പദ്ധതികൾ അടങ്ങിയ ബജറ്റ് ആണ് ഈ കൊല്ലത്തെ സംസ്ഥാന ബജറ്റ് . നവകേരളം സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി വികസനോന്മുഖമായ നിരവധി പദ്ധതികളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിന്റെ സാമ്പത്തിക രംഗം മികവിന്റെ പാതയിലാണെന്നു ബജറ്റ് സൂചിപ്പിക്കുന്നു. 2021-22-ൽ കേരളത്തിന്റെ ആഭ്യന്തര ആഭ്യന്തര ഉൽപ്പാദനം സ്ഥിരവിലയിൽ 12.01 ശതമാനം കണ്ട് വളർന്നു. 2020-21 കോവിഡ് കാലഘട്ടത്തിൽ സമ്പദ്ഘടന 8.43 ശതമാനം കണ്ട് തകരുകയാണുണ്ടായത്. 209-20-ലാകട്ടെ വളർച്ച കേവലം 0.9 ശതമാനമായിരുന്നു. ഉല്പാദന മേഖലയെയും ഉൾച്ചേർത്തുകൊണ്ടുള്ള സാമ്പത്തിക വളർച്ച നമുക്ക് നേടാനായി എന്നതാണ് മുൻവർഷങ്ങളെ അപേക്ഷിച്ച് 2021-22-ലെ സാമ്പത്തിക വളർച്ചയുടെ പ്രത്യേകത. കാർഷിക അനുബന്ധ മേഖലയിൽ 6.7 ശതമാനവും വ്യാവസായിക അനുബന്ധ മേഖലയിൽ 17.3 ശതമാനവും വളർച്ച നിരക്ക് കൈവരിച്ചത് സമീപകാല ചരിത്രത്തിലാദ്യമായാണ്. വ്യാവസായിക മേഖലയ ഉള്ളിൽ ഉല്പന്ന നിർമ്മാണ മേഖലയിലാണ് (manufacturing) നിർണ്ണായകമായ വളർച്ചാനിരക്ക് കൈവരിക്കാനായത് (18.9 ശതമാനം). ഇത്തരത്തിൽ സമ്പദ് വ്യവസ്ഥയെ പുനശ്രദ്ദീപിപ്പിച്ച് ലാദനവും അതുവഴി വരുമാനവും വർദ്ധിപ്പിക്കുക എന്നതാണ് ഇത് സർക്കാരിന്റെ നയം. 2022-23 വർഷത്തെ ആഭ്യന്തര ഉൽപ്പാദനം 9.99 ലക്ഷം കോടിയാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പുതുക്കിയ കണക്കുകൾ പ്രകാരം 10.18 ലക്ഷം കോടി രൂപയായി ആഭ്യന്തര ഉൽപ്പാദനം വർദ്ധിച്ചു. ആഭ്യന്തര ഇൽപ്പാദനത്തിന്റെ വളർച്ചയോടൊപ്പം തന്നെ തനത് വരുമാനത്തിലും വർദ്ധനവുണ്ടായി. 2020-21-ൽ 54, 955.99 കോടി രൂപയായിരുന്ന തനത് വരുമാനം 2021-22-ൽ 68,803.03 കോടി രൂപയായി ഉയർന്നു. നടപ്പ് സാമ്പത്തികവർഷം അത് 85,000 കോടി രൂപയോളമായി ഉയരുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വികസനോന്മുഖ പദ്ധതികൾ വിഭാവനം ചെയ്യുന്ന 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് 1,35,419 കോടി രൂപ റവന്യൂ വരുമാനവും 1,76,089 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു . സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 23,942 കോടി രൂപയും ധനകമ്മി 39,662 കോടി രൂപയുമാകും. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനായി 40,051 കോടിയും പെൻഷനായി 28,240 കോടി രൂപയും ചെലവാകുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 14,149 കോടിയും സാമൂഹ്യ സുരക്ഷാ പെൻഷനു വേണ്ടി 9,764 കോടി രൂപയും അനുവദിച്ചു.

ലൈഫ് മിഷൻ പദ്ധതിയുടെ കീഴിൽ 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും നിർമ്മിക്കുന്നതിനായി 1,436 കോടി രൂപ അനുവദിക്കും . കുടുംബശ്രീയ്ക്ക് 260 കോടി വകയിരുത്തി. കേരളത്തിൽ ആഭ്യന്തര ഉത്പാദനവും നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മേക്ക് ഇൻ കേരള പദ്ധതി നടപ്പിലാക്കും. പദ്ധതി കാലയളവിലേക്ക് 1,000 കോടി അനുവദിക്കും. ഈ വർഷത്തെ വിഹിതമായി 100 കോടി രൂപ മാറ്റിവെക്കും. കെഎസ്ആർടിസിക്ക് 1326 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി 2,000 കോടി രൂപ വകയിരുത്തി.

ഇന്ധന/മദ്യ വില ഉയരും

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയരും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം വർധിക്കും. പെട്രോളിനും ഡീസലിനും സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതിനെ തുടർന്നാണിത്. വരുമാനം വർധിപ്പിക്കുന്നതിനായി മദ്യത്തിനും അധിക സാമൂഹ്യസുരക്ഷാ സെസ് ഏർപ്പെടുത്തി. സമീപകാലത്ത് വില വർധിപ്പിച്ച മദ്യത്തിന് സെസ് ഏർപ്പെടുത്തിയതോടെ വില വീണ്ടും കൂടും. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിക്കും. വൈദ്യുതി തീരുവ അഞ്ച് ശതമാനവും കൂട്ടി.

ഭൂമിയുടെ ന്യായ വില വർധിപ്പിച്ചു

ഭൂമി, കെട്ടിട നികുതിയിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് ബജറ്റ് . ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിക്കും. വിപണി മൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വർധിപ്പിക്കുന്നതെന്നാണ് വിശദീകരണം. ഒന്നിലേറെ വീടുകൾക്കും ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങൾക്കും പ്രത്യേക നികുതി ഏർപ്പെടുത്തും. ഈ നികുതി പരിഷ്കാരത്തിലൂടെ 1,000 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഖനന മേഖലയിൽ നികുതി, റോയൽറ്റി എന്നിവ പരിഷ്കരിക്കുമെന്നും ബാലഗോപാൽ അറിയിച്ചു

ദേശീയപാത/ റീബിൽഡ് കേരള

സംസ്ഥാനത്ത് 1,931 കിലോമീറ്റർ ദൂരത്തിൽ ദേശീയപാതാ വികസനം പുരോഗമിക്കുകയാണ്. 1,33,000 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ദേശീയപാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനായി 5,580 കോടി രൂപ ചെലവഴിച്ചു. നിലവിലെ പ്രവർത്തനങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കും. സംസ്ഥാനത്ത് ഏറ്റവും വലിയ മൂലധന നിക്ഷേപം നടന്ന മേഖലയാണിത് . കോവളം – ബേക്കൽ ജലപാതയ്ക്കായി 300 കോടി രൂപയും നീക്കിവെയ്ക്കും. റീബിൽഡ് കേരള പദ്ധതിക്ക് 904 കോടി രൂപ. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കൊച്ചി – പാലക്കാട് വ്യാവസായിക ഇടനാഴിയുടെ ഒന്നാം ഘട്ടമായി 10,000 കോടി രൂപയുടെ നിക്ഷേപം. റോഡുകൾക്കും പാലങ്ങൾക്കുമായി 1144 കോടി രൂപ. റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ 1,000 കോടി രൂപ. ഗതാഗത മേഖലയ്ക്ക് 1888 കോടി. നഗര വികസനത്തിന് 1055 കോടി രൂപയും അനുവദിച്ചു.

കൃഷി, മൃഗ/വന സംരക്ഷണം

ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ കാർഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന. 971 കോടി വകയിരുത്തി. റബർ സബ്സിഡിക്ക് 600 കോടി രൂപ അനുവദിച്ചു. നാളീകേരത്തിന്റ താങ്ങു വില 34 രൂപയായി വർധിപ്പിച്ചു. നെൽകൃഷിക്ക് 91 കോടിയും വിള ഇൻഷുറൻസിന് 30 കോടിയും നൽകും. സ്മാർട് കൃഷി ഭവനുകൾക്ക് 10 കോടി അനുവദിച്ചു. മൃഗചികിത്സാ സേവനങ്ങൾക്ക് 41 കോടി നീക്കിവെയ്ക്കും. വനസംരക്ഷണ പദ്ധതിക്കായി 26 കോടി മാറ്റിവെച്ചതിന് പുറമേ, ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടിയും വന്യജീവി സംരഷണത്തിനായി 17 കോടിയും വീതം വകയിരുത്തി.

ടൂറിസം

സംസ്ഥാനന്ന് ടൂറിസം ഇടനാഴി വികസനത്തിന് 50 കോടി രൂപ വകയിരുത്തും. കോവളം, കൊല്ലം അഷ്ടമുടി, ആലപ്പുഴ, കുട്ടനാട്, കുമരകം, മൂന്നാർ, ബേപ്പൂർ, ബേക്കൽ തുടങ്ങിയ കേന്ദ്രങ്ങളെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കും. സംസ്ഥാനത്തുടനീളം എയർസ്ട്രിപ്പുകൾ നടപ്പാക്കുന്നതിനായി ഒരു കമ്പനി പിപിപി മാതൃകയിൽ സ്ഥാപിക്കും. ഇതിനായി സർക്കാരിന്റെ ഇക്വിറ്റി പിന്തുണയുടെ രൂപത്തിൽ 20 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഊർജം

ഊർജ മേഖലയ്ക്ക് 1,158 കോടി സംസ്ഥാന ബജറ്റിൽ വകയിരുത്തി. 2040-ഓടെ കേരളത്തെ സമ്പൂർണ പുനരുപയോഗ ഊർജാധിഷ്ഠിത സംസ്ഥാനമായി മാറ്റുമെന്ന് പ്രഖ്യാപിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കും. പ്രാരംഭ നടപടികൾക്കായി 20 കോടി വകയിരുത്തി. 2050-ഓടെ നെറ്റ് കാർബൺ ന്യൂട്രാലിറ്റി സംസ്ഥാനമായും മാറാനാണ് കേരളം ലക്ഷ്യമിടുന്നത്. വിവിധ സോളാർ പദ്ധതികൾക്കായി 10 കോടി അനുവദിച്ചു. എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് സ്‌റ്റേഷൻ സ്ഥാപിക്കും. അനെർട്ടിനായി 49 കോടി രൂപയും വകയിരുത്തി.

ആരോഗ്യം

സംസ്ഥാനത്തെ പൊതുജന ആരോഗ്യ മേഖലയ്ക്കായി 2828 കോടി രൂപ അനുവദിച്ചു. കേരളത്തെ ആരോഗ്യപരിചരണ തലസ്ഥാനമാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പ്രവർത്തനങ്ങൾക്കു വേണ്ടി 30 കോടി രൂപ വകയിരുത്തി. പേവിഷ വാക്സിൻ വികസിപ്പിക്കാൻ 5 കോടി രൂപ വകയിരുത്തി. പകർച്ച വ്യാധി പ്രതിരോധത്തിന് 11 കോടി രൂപ നൽകും. കാരുണ്യ പദ്ധതിക്കു വേണ്ടി ബജറ്റ് വിഹിതമായി 574.5 കോടി വകയിരുത്തി. മുതിർന്നവർക്കും ഡേ കെയറുകൾ തയ്യാറാക്കാൻ 10 കോടി. മെൻസ്ട്രൽ കപ്പുകൾ പ്രോത്സാഹിപ്പിക്കുമെന്നും ഇതിനായി 10 കോടി രൂപ അനുവദിക്കും . ആരോഗ്യ വിദ്യാഭ്യാല മേഖലക്ക് 463.75 കോടി രൂപ അനുവദിച്ചു.

അടിസ്ഥാനവികസനകുതിപ്പിൽ വിദ്യാഭ്യാസ മേഖല

വിദ്യാഭ്യാസ മേഖലക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ആകെ വിഹിതം 85 കോടി രൂപയിൽ നിന്നും 95 കോടി രൂപയായി വർദ്ധിപ്പിക്കുന്നു. സ്കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകുന്നതിനായി 140 കോടി വിലയിരുത്തുന്നു. ഓട്ടിസം പാർക്കിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപ അനുവദിക്കുന്നു. സർക്കാർ ഹയർസെക്കണ്ടറി സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 65 കോടി രൂപ വിലയിരുത്തുന്നു. സമ​ഗ്ര ശിക്ഷ അഭിയാൻ പദ്ധതിയുടെ വിവിധ ഘടകങ്ങളുടെ നടത്തിപ്പിലേക്ക് സംസ്ഥാന വിഹിതമായി 60 കോടി രൂപ മാറ്റിവെക്കുന്നു. ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന വിഹിതമായി 344.64 കോടി രൂപ വിലയിരുത്തി.

സ്കൂൾ കോളേജ് സർവ്വകലാശാല തലങ്ങളിലെ വിദ്യാഭ്യാസത്തിനായി സർക്കാർ വലിയ മൂലധനമാണ് ഓരോ വിദ്യാർത്ഥിക്ക് വേണ്ടിയും ചെലവഴിക്കുന്നത്. കേരളത്തിലെ സ്കൂളുകളിൽ ഏറ്റവും മെച്ചപ്പെട്ട വിദ്യാർത്ഥി അധ്യാപക അനുപാതമാണുള്ളത്. ഒരു വർഷം ഒരു സ്കൂൾ വിദ്യാർത്ഥിക്ക് വേണ്ടി സർക്കാർ മുടക്കുന്നത് ഏകദേശം 50000 രൂപയാണ്. ഉന്നത വിദ്യാഭ്യാസ രം​ഗത്ത് ഇതിന്റെ പലമടങ്ങ് ചെലവഴിക്കുന്നുണ്ട്. ഇത്തരത്തിൽ വലിയ നിക്ഷേപം നടത്തി സർക്കാർ പ്രാപ്തരാക്കുന്ന യുവാക്കളെ പരമാവധി നമ്മുടെ നാട്ടിൽ തന്നെ നിലനിർത്താനും തൊഴിലൊരുക്കാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കണം. കൂടാതെ ആധുനിക തൊഴിലുകളിൽ ഏർപ്പെടുന്നവരെ കേരളത്തിന് പുറത്ത് നിന്ന് സംസ്ഥാനത്തേക്ക് ആകർഷിക്കണം.

അങ്കണവാടി കുട്ടികൾക്ക് മുട്ടയും പാലും നൽകുന്നതിനായി 63.5 കോടി രൂപ വകമാറ്റി. സംസ്ഥാനത്ത് കൂടുതൽ ക്രെഷുകളും ഡേ കെയറുകളും ഒരുക്കും . കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഡേ കെയറുകൾ ഒരുക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തി

ഐടി മേഖല

ഐടി മേഖലയ്ക്ക് 559 കോടി രൂപ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കേരള ഐടി മിഷന് 127.37 കോടിരൂപയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് 201 കോടി രൂപയും കെ ഫോൺ പദ്ധതിക്ക് 100 കോടി രൂപയും വകയിരുത്തി.സ്പേസ് പാർക്കിന് 71.81 കോടിരൂപ പ്രഖ്യാപിച്ചു. കേരള സ്റ്റാർട്ട് അപ്പ് മിഷന് 120.52 കോടിയാണ് മാറ്റിവെച്ചത്. കൊച്ചി ടെക്‌നോളജി ഇന്നൊവേഷൻ സോണിന് 20 കോടി. യുവജന സംരംഭകത്വ വികസന പരിപാടികൾക്ക് 70.52 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു.സ്റ്റേറ്റ് ഡാറ്റ സെന്ററിനായി 53 കോടി രൂപ വകയിരുത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഐടി ആന്റ് മാനേജ്‌മെന്റിന്റെ ഉൾപ്പടെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തനങ്ങൾക്ക് 46.6 കോടി രൂപ നൽകും.

നാളികേരം താങ്ങുവില 2 രൂപ കൂട്ടി; കാർഷിക മേഖലയ്ക്ക് 971.71 കോടി

കാർഷിക മേഖലയുടെ സമഗ്രവികസനത്തിന് ബജറ്റിൽ 971.71 കോടി രൂപ വിലയിരുത്തി. ഇതിൽ 156.30 കോടി രൂപ കേന്ദ്രസഹായം പ്രതീക്ഷിക്കുന്നു.. നാളികേരത്തിന്റെ താങ്ങുവില രണ്ട് രൂപ കൂട്ടി 34 രൂപയാക്കി.

സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺലൈൻ ആക്കും. വർക്ക് ഫ്രം ഹോം ഹോളി ഡേ പദ്ധതി ടൂറിസം വകുപ്പ് ഏറ്റെടുത്ത് നടക്കാൻ പദ്ധതിയിടുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് ജോലിയെടുക്കുന്ന സംവിധാനമൊരുക്കുന്നത് ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാകും . ഇതിനായി 10 കോടി രൂപ ഈ സാമ്പത്തിക വർഷത്തിൽ വകയിരുത്തി. ആരോഗ്യ മേഖലയിലും മറ്റും ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും പല മേഖലകളിലും വില വർധനവും ഉണ്ടായി. പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏർപ്പെടുത്തി. കോർട്ട് ഫീ സ്റ്റാംപ് നിരക്കിൽ വർധന പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യത്തിന് സെസ് വർധിപ്പിച്ചു. അതിനാൽത്തന്നെ വില വർധനവ് ഉണ്ടാകും.

വിലവർധനവ്

1. പെട്രോൾ- ഡീസൽ വില
2. കോർട്ട് ഫീ സ്റ്റാംപ്
3. ഭൂമിയുടെ ന്യായവില
4. മദ്യം
5. ഫ്‌ളാറ്റുകളുടെ മുദ്രപ്പത്ര വില
6. വാഹന നികുതി
7. 2 ലക്ഷം രൂപ വരെയുള്ള മോട്ടോർസൈക്കിളുകൾക്ക് 2% അധികനികുതി
8. ഒരു ഉടമസ്ഥന് രണ്ട് വീടുകളുണ്ടെങ്കിൽ നികുതി വർധന. പൂട്ടിക്കിടക്കുന്ന വീടുകൾക്കും അധിക നികുതി
9. വൈദ്യുതി തീരുവ 5% വർധിപ്പിച്ചു.
10. പുതിയ കാറുകൾ.

കൂടുതൽ വായനക്ക് : http://minister-finance.kerala.gov.in/wp-content/uploads/2023/02/budget-english.html

http://minister-finance.kerala.gov.in/wp-content/uploads/2023/02/3.-Budget-Speech-2023_Malayalam-1-1.pdf

http://minister-finance.kerala.gov.in/wp-content/uploads/2023/02/3.-Budget-Speech-2023_Malayalam-1-1.pdf

http://minister-finance.kerala.gov.in/wp-content/uploads/2023/02/3.-Budget-Speech-2023_Malayalam-1-1.pdf