രാജ്യത്ത് ആദ്യമായി ഭാഗ്യക്കുറി ജേതാക്കൾക്ക് പരിശീലന പരിപാടിയുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. സമ്മാനമായി ലഭിക്കുന്ന പണം ഉചിതമായ രീതിയിൽ വിനിയോഗിക്കാത്തതു കാരണം ജേതാക്കളിൽ ചിലർക്കെങ്കിലും പ്രശ്നങ്ങളുണ്ടാവുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നവീനമായ പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലോട്ടറി നറുക്കെടുപ്പിൽ 1-ാം സമ്മാനത്തിന് അർഹരായവർക്കായി ധനമാനേജ്മന്റ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനാണ് ഇതിനാവശ്യമായ മൊഡ്യൂൾ തയാറാക്കിയത്.
വ്യക്തിയുടെയും കുടുംബത്തിന്റെയും ഭദ്രതക്കുതകുന്ന സാമ്പത്തിക മാനേജ്മെന്റ്, സ്ഥിര നിക്ഷേപങ്ങൾ, ലൈഫ് ഇൻഷുറൻസ്, ചിട്ടിയും കുറിയും, ഇക്വിറ്റി, ഡിബഞ്ചർ, മ്യൂച്വൽ ഫണ്ട്, മാനസിക സംഘർഷങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ സെഷനുകൾ നടക്കും. പാനൽ ചർച്ചയും ചോദ്യോത്തരവേളയും പരിശീലനപരിപാടിയുടെ ഭാഗമായുണ്ടാകും. 2022 ഓണം ബമ്പർ 1-ാം സമ്മാനത്തിനർഹനായവർ മുതൽ ഇങ്ങോട്ടുള്ള 1-ാം സമ്മാന ജേതാക്കളെയാണ് ആദ്യവട്ട പരിശീലനത്തിനായി ക്ഷണിച്ചിരിക്കുന്നത്. ഏകദേശം 80 പേർ പരിപാടിയിൽ പങ്കെടുക്കും.
Lottery winners will be trained in various areas of financial management