2021-22 വർഷത്തെ സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പരിശോധിച്ചതിന്റെ ഭാഗമായുള്ള അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് 14.09.2023-ന് നിയമസഭ മുമ്പാകെ സമർപ്പിക്കുകയുണ്ടായി. അതേ ദിവസം തന്നെ അക്കൗണ്ടന്റ് ജനറൽ നടത്തിയ പത്ര സമ്മേളനത്തിലും അദ്ദേഹം ചില കാര്യങ്ങൾ പറയുകയുണ്ടായി. വലിയ തോതിൽ സർക്കാർ കുടിശ്ശിക തുക പിരിച്ചെടുക്കാനുണ്ട് എന്ന തരത്തിലാണ് പത്രമാധ്യമങ്ങളിൽ വാർത്തകൾ വന്നത്. എല്ലാ വർഷവും അക്കൗണ്ടന്റ് ജനറൽ സമർപ്പിക്കുന്ന ഓഡിറ്റ് റിപ്പോർട്ട് നിയമസഭയും കമ്മിറ്റികളും വിവിധ വകുപ്പുകളും പരിശോധിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇതൊരു സാധാരണ നടപടിക്രമമാണ്. നിയമസഭാ കമ്മിറ്റികളുടെയും വകുപ്പുകളുടെയും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മാത്രമേ അക്കൗണ്ടന്റ് ജനറൽ മുന്നോട്ടുവെച്ച കണക്കുകൾ സംബന്ധിച്ച് കൃത്യമായ അഭിപ്രായം പറയാൻ കഴിയൂ എന്നിരിക്കിലും വസ്തുതാ വിരുദ്ധമായ വാർത്തകളോട് പ്രതികരിക്കേണ്ടതുണ്ട്.
കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 2022 മാർച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തികവർഷത്തിൽ മൊത്തം റവന്യൂ കുടിശ്ശിക 28,258.39 കോടി രൂപ എന്നാണ്. ഈ കുടിശ്ശിക ജി.എസ്.ടി വകുപ്പ്, ഗതാഗത വകുപ്പ്, കെ.എസ്.ഇ.ബി ലിമിറ്റഡ്, രജിസ്ട്രേഷൻ വകുപ്പ്, പോലീസ് വകുപ്പ് തുടങ്ങിയ പല വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അനേകം വർഷങ്ങളായിട്ടുള്ള കുടിശ്ശികയാണ്. കേരള സംസ്ഥാനം രൂപപ്പെട്ട കാലം മുതലുള്ള കുടിശ്ശികകളാണ് ഇത്തരത്തിൽ ക്യാരിഓവർ ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് മുൻ ഓഡിറ്റ് റിപ്പോർട്ടുകളിൽ തന്നെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്.
2020-21 സാമ്പത്തിക വർഷത്തെ റിപ്പോർട്ടിൽ 21,798 കോടി രൂപയാണ് സർക്കാരിന് മുന്നിലുണ്ടായിരുന്ന കുടിശ്ശിക. 2020-21-ൽ നിന്നും 2021-22-ൽ 6400 കോടി രൂപ അധിക കുടിശ്ശിക വന്നു എന്നാണ് കണക്ക്. മുൻ റിപ്പോർട്ടുകളിൽ നിന്നും വ്യത്യസ്തമായി പുതിയൊരു ഇനം കൂടി കുടിശ്ശികയായി ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഇതിനു കാരണം. കെ.എസ്.ആർ.ടി.സി, ഹൗസിംഗ് ബോർഡ്, കേരള വാട്ടർ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 1970-കൾ മുതൽ നൽകിയ വായ്പാ സഹായങ്ങളുടെ നാളിതുവരെയുള്ള പലിശ സഹിതം ഒരു പുതിയ ഇനമാക്കി മാറ്റിയിരിക്കുന്നു. ഇത് 5980 കോടി രൂപയോളം വരും.
എന്നാൽ മുൻവർഷത്തെ റിപ്പോർട്ടിൽ കുടിശ്ശികയായി പിരിച്ചെടുക്കാനുണ്ടായിരുന്ന നികുതി വകുപ്പിന്റെ ഇനത്തിൽ 420 കോടി രൂപ ഈ വർഷം കുറവ് വന്നിട്ടുണ്ട്. സാധാരണ നികുതി വകുപ്പിന്റെ കുടിശ്ശികകൾ ഒരു കാലത്തും കുറഞ്ഞിട്ടില്ല. വർദ്ധിച്ചുവരികയാണ് പതിവ്. എന്നാൽ 2020-21നെ അപേക്ഷിച്ച് 2021-22 ൽ നികുതി കുടിശ്ശികയിൽ 420 കോടി രൂപയുടെ കുറവ് വന്നു. ഇത് ചരിത്ര നേട്ടമാണ്.
2021-22-ലെ നികുതി കുടിശ്ശിക അക്കൗണ്ടന്റ് ജനറലിന്റെ കണക്ക് പ്രകാരം 13,410.12 കോടി രൂപയാണ്. ഇതിൽ നിന്നും ഇതുവരെ 258 കോടി രൂപയോളം പിരിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. ഏകദേശം 987 കോടി രൂപയോളം അപ്പീൽ തീർപ്പാക്കിയതിലും ആംനസ്റ്റി പദ്ധതിയിലുമായി കുറഞ്ഞിട്ടുണ്ട്. 13410 കോടി രൂപയിൽ 12,900 കോടിയോളം രൂപ (96%) ജി.എസ്.ടി ഇതര നിയമ പ്രകാരം നേരത്തേ നടത്തിയ അസസ്സ്മെന്റ് പ്രകാരമുള്ളതാണ്. അതിൽ 5200 കോടിയോളം രൂപ വിവിധ സ്റ്റേയിൽ ഉൾപ്പെട്ടിട്ടുള്ളതും 6300 കോടി രൂപ റവന്യൂ റിക്കവറി നടപടികളിൽ ഉൾപ്പെട്ടിട്ടുള്ളതുമാണ്.
സാമൂഹ്യ സുരക്ഷാ പെൻഷൻ വിഷയത്തിൽ അക്കൗണ്ടന്റ് ജനറൽ പ്രധാനമായും ഉന്നയിക്കുന്നത് അനർഹർക്ക് പെൻഷൻ നൽകി, മരണപ്പെട്ടവർക്ക് നൽകി, അർഹതപ്പെട്ടവർക്ക് നൽകിയില്ല തുടങ്ങിയ പ്രശ്നങ്ങളാണ്. 2023 ആഗസ്റ്റ് 31 വരെ ഗുണഭോക്താക്കളുടെ ഐഡന്റിറ്റി ആധാറുമായി ബന്ധിപ്പിച്ചും മസ്റ്ററിംഗിലൂടെയും മരണപ്പെട്ടവരെയും ഡ്യൂപ്ലിക്കേഷനിലൂടെ വന്നവരെയും ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് മസ്റ്ററിംഗും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കലും നിർത്തിവെച്ചിരുന്നതിനാൽ സംഭവിച്ച ചില്ലറ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഓഡിറ്റ് നടത്തുക എന്നതും ഓഡിറ്റിലൂടെ നിരീക്ഷണങ്ങൾ നടത്തുക എന്നതും അക്കൗണ്ടന്റ് ജനറലിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. സൂക്ഷ്മതലത്തിൽ പരിശോധിച്ച് നിയമസഭാ സമിതികളും ബന്ധപ്പെട്ട വകുപ്പുകളും ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടവയാണ്. റിപ്പോർട്ട് വിശദമായി പരിശോധിച്ച് തുടർ നടപടികൾ സർക്കാർ കൈക്കൊള്ളുകയും ചെയ്യും.