തൃശൂർ-കുറ്റിപ്പുറം റോഡിന്റെ ഭാഗമായ മുണ്ടൂർ – പുറ്റെക്കര റോഡ് വികസനത്തിന് ആവശ്യമായ പ്രവർത്തനങ്ങൾക്കായി 96.47 കോടി രൂപയുടെ ഉയർത്തിയ അടങ്കലിന് ധനവകുപ്പ് അനുമതി നൽകി. മുണ്ടൂരിനും പുറ്റെക്കരയ്ക്കുമിടയിൽ ഒന്നര കിലോമീറ്റർ ദൈർഘ്യത്തിലെ റോഡ് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നാലുവരി പാതയായി വികസിപ്പിക്കാനാണ് അടങ്കൽ പുതുക്കിയത്.
ഈ ഭാഗത്തെ ഇടുങ്ങിയ റോഡ് പ്രധാന കേന്ദ്രമായ മുണ്ടൂരിന്റെ അടക്കം വികസനത്തിന് തടസമായി. തൃശൂർ – കുറ്റിപ്പുറം റോഡിൽ മുണ്ടൂരിനും പുറ്റെക്കരയ്ക്കുമിടയിൽ അപകടങ്ങളും പതിവായി. ഈ സാഹചര്യത്തിൽ മുണ്ടൂർ – പുറ്റെക്കര റോഡ് ഭാഗവും നാലുവരി പാതയായി വികസിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി 62.70 കോടി രൂപയുടെ അടങ്കലിന് നേരത്തെ ഭരണാനുമതി നൽകി. ഇതിൽ 49.35 കോടി രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. എന്നാൽ, സ്ഥലം ഏറ്റെടുക്കലിനുമാത്രം 56.99 കോടി രൂപ ആവശ്യമായി വന്നു. ഈ സാഹചര്യത്തിലാണ് അടങ്കൽ ഉയർത്തി റോഡ് വികസനം പൂർത്തിയാക്കാൻ തീരുമാനിച്ചത്.