കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്; വിദ്യാഭ്യാസ അവാർഡും വിവിധ ആനുകൂല്യങ്ങളും വിതരണം ചെയ്തു
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായവരുടെ മക്കളിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.സി പരീക്ഷകളിൽ വിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡും വിവിധ ആനുകൂല്യ വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ നിർവഹിച്ചു. പഠനത്തിൽ മുന്നിൽ നിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഉത്തരവാദിത്വവും ലക്ഷ്യബോധവും കൂടുതൽ വ്യക്തമാക്കി നൽകുകയാണ് ഇത്തരം പരിപാടികളുടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പബ്ലിക് സർവീസ് കമ്മീഷൻ മുഖേന രാജ്യത്ത് 60,000 പേർക്കാണ് കഴിഞ്ഞവർഷം ജോലി നൽകിയത്. ഇതിൽ 34000 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് നിയമനം നടത്തിയത് കേരളത്തിലാണെന്നാണ് യു.പി.എസിയുടെ കണക്ക് വ്യക്തമാക്കുന്നത്. ഇത് വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.
കാർഷിക- കർഷക തൊഴിലാളികളുടെ മേഖലയിലും ഏറെ മാറ്റങ്ങൾ ഉണ്ടായി. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൂടുതൽ ഉൽപാദനക്ഷമമായ കൃഷിരീതികൾ വികസിപ്പിച്ചു. പുതിയ സ്റ്റാർട്ടപ്പുകളും കമ്പനികളും പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
2023-24 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.സി പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ 8,137 വിദ്യാർഥികൾക്ക് 2,46,73,500 രൂപയാണ് വിതരണം ചെയ്യുന്നത്. കൂടാതെ അംഗങ്ങൾക്കുള്ള ചികിത്സ ആനുകൂല്യവും വിവാഹാനുകൂല്യവും മരണാനന്തര അധിവർഷാനുകൂല്യവും പരിപാടിയോടനുബന്ധിച്ച് വിതരണം ചെയ്തു.