Kerala's proudest project Digital Science Park has started

കേരളത്തിന്റെ അഭിമാന പദ്ധതിയായ ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനം ആരംഭിച്ചു

കേരളത്തിന്റെ അഭിമാന പദ്ധതിയായ ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനം ആരംഭിച്ചു. സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം 2023 ഏപ്രിൽ 25 ന് ബഹു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് നിർവഹിച്ചത്. 2022-23 ലെ സംസ്ഥാന ബജറ്റിൽ നാല് സയൻസ് പാർക്കുകളും ഒരു ഡിജിറ്റൽ സയൻസ് പാർക്കും യാഥാർത്ഥ്യമാക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രഖ്യാപനം ഉണ്ടായി ഒരു വർഷത്തിനുള്ളിൽ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുക എന്നത് വളരെ അഭിമാനകരമായ കാര്യമാണ്.

ടെക്നോപാർക്ക് ഫെയ്‌സ്‌ -നാലിൽ ഡിജിറ്റൽ സർവകലാശാലയോട്‌ ചേർന്നാണ്‌ പാർക്ക് യാഥാർഥ്യമായത്.
ശാസ്ത്ര സാങ്കേതിക രംഗത്തെ ഏറ്റവും നൂതനമായ മാറ്റങ്ങൾ വരെ ഉൾക്കൊണ്ടുകൊണ്ട് വിവിധ മേഖലകളെ ശാക്തീകരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായാണ് ഗവേഷണ സ്ഥാപനങ്ങളും സയൻസ് പാർക്കുകളും സ്കിൽ പാർക്കുകളും ഐ.ടി പാർക്കുകളുമടക്കമുള്ള സ്ഥാപനങ്ങൾ ആരംഭിക്കാനും നിലവിലുള്ളവ ശക്തിപ്പെടുത്താനും നടപടികൾ സ്വീകരിക്കുന്നത്. നവസംരംഭകരെ പ്രോത്സാഹിപ്പിക്കുക, വ്യവസായങ്ങളെ സംരക്ഷിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യുക, പുതിയ സാങ്കേതികവിദ്യകളുടെ ഗുണഫലം ആദ്യം തന്നെ ഉപയോഗപ്പെടുത്തുക തുടങ്ങി വിജ്ഞാന സമ്പദ് വ്യവസ്ഥയെ ദൃഢീകരിക്കുന്നതിനുള്ള തുടർച്ചയായ പ്രവർത്തനങ്ങളാണ് സർക്കാർ കൈക്കൊണ്ട് വരുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ 1515 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഡിജിറ്റൽ സയൻസ് പാർക്കിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഡിജിറ്റൽ സയൻസ് പാർക്ക് വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെയ്പ്പാണ്. ആഗോള പ്രശസ്തമായ അക്കാദമിക് സ്ഥാപനങ്ങളുമായും കമ്പനികളുമായും സഹകരിച്ച് സംസ്ഥാനത്തിന്റെ ഉൽപ്പാദന രംഗത്തും തൊഴിൽ രംഗത്തും വലിയ മാറ്റം വരുത്താൻ ഡിജിറ്റൽ സയൻസ് പാർക്കിന് സാധിക്കും. ലോകനിലവാരത്തിലുള്ള സൗകര്യങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് എഡിൻബറോ യൂണിവേഴ്സിറ്റിയുമായി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. നിരവധി അന്തർദേശീയ യൂണിവേഴ്സിറ്റികളും സ്ഥാപനങ്ങളും ഡിജിറ്റൽ സയൻസ് പാർക്കുമായി സഹകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വിഹിതത്തോടൊപ്പം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സഹായങ്ങളും ഡിജിറ്റൽ പാർക്കിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ ആദ്യത്തെ ടെക്നോപാർക്കും ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സ്ഥാപിക്കപ്പെട്ടത് കേരളത്തിലാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരുകളാണ് ഈ മുന്നേറ്റങ്ങൾക്കെല്ലാം ചുക്കാൻപിടിച്ചത്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കും ഈ നിരയിലെ ഉജ്ജ്വമായ ഏടായി മാറും എന്നതിൽ സംശയമില്ല.