Kerala 2023

കേരളീയം 2023
കേരളത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവം

കേരളപ്പിറവിയോടനുബന്ധിച്ച് നവംബർ 1 മുതൽ 7 വരെ സംസ്ഥാന സർക്കാർ സംഘടപ്പിക്കുന്ന ഉത്സവമാണ് കേരളീയം 2023. ഏഴ് പതിറ്റാണ്ടുകൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും കാർഷിക വ്യാവസായിക പുരോഗതിയും ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയാണ് കേരളീയം 2023ൻ്റെ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, എ.കെ. ആന്റണി എന്നിവരാണ് കേരളീയം 2023ന്റെ മുഖ്യ രക്ഷാധികാരികൾ.

കേരളീയം 2023ന്റെ ഭാഗമായി ലോകപ്രശസ്തരും വിദഗ്ദ്ധരുമായവരെ പങ്കെടുപ്പിച്ചുകൊണ്ട് സംവാദങ്ങളും സെമിനാറുകളും പ്രദർശനങ്ങളും സംഘടിപ്പിക്കും. തിരുവനന്തപുരത്ത് 60ഓളം വേ​ദി​ക​ളി​ലാ​യാണ് പരിപാടികൾ നടക്കുന്നത്. കാർഷിക രംഗം, ഫിഷറീസ്, ക്ഷീര മേഖല, ഭൂപരിഷ്‌കരണം, സഹകരണരംഗം, വ്യവസായം, വിവര സാങ്കേതികവിദ്യ, ടൂറിസം, തൊഴിൽ, കുടിയേറ്റം, പട്ടികജാതി പട്ടികവർഗ മേഖല, ഉന്നത പൊതുവിദ്യാഭ്യാസ മേഖലകൾ, പൊതുജനാരോഗ്യം, ജനസൗഹൃദ പൊതുസേവനം, അധികാരവികേന്ദ്രീകരണവും പ്രാദേശിക സർക്കാരുകളും, കേരളത്തിന്റെ സമ്പദ്ഘടന എന്നിവയിൽ വിദഗ്ധരെ ഉൾപ്പെടുത്തി സെമിനാറുകൾ സംഘടിപ്പിക്കും. ഇതിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് കേരളീയം 2023ന്റെ ഭാഗമായി നവകേരളത്തിനായുള്ള പരിപ്രേക്ഷ്യം അവതരിപ്പിക്കും.

കേരളത്തിലെ വിവിധ കലാരൂപങ്ങളുടെ അവതരണവും പൊതുജനങ്ങൾക്ക് ആസ്വദിക്കാനും സാംസ്‌കാരിക പൈതൃകത്തെ കുറിച്ച് മനസിലാക്കാനുമായി കലാപ്രദർശനവും ഉണ്ടാവും. തലസ്ഥാന നഗരിയിൽ ഉത്സവ പ്രതീതിയുണർത്തും വിധം കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ ദീപാലങ്കാരം ഒരുക്കും. പുസ്തകോത്സവം, ചലച്ചിത്രോത്സവം, പുഷ്പമേള തുടങ്ങി വൈവിധ്യങ്ങളുടെ മേളനമാകും കേരളീയം 2023.

‘കേരളീയം 2023’ ലോഗോ  

മഞ്ഞയിൽ നീലനിറത്തിലുള്ള കേരളത്തിന്റെ ചെറുരൂപങ്ങളുമായി സൂര്യ തേജസോടെയുള്ള കേരളീയം 2023ന്റെ ലോഗോ രൂപകൽപന ചെയ്തത് കൊച്ചി ബിനാലെ ഫൗണ്ടേഷൻ അധ്യക്ഷൻ ബോസ് കൃഷ്ണമാചാരി. വൃത്താകൃതിയിൽ കേരളത്തിന്റെ ഭൂപടം ചേർത്തുവച്ചിട്ടുള്ള കേരളീയം ലോഗോ നിരവധി അർത്ഥതലങ്ങൾ ഉൾക്കൊള്ളിച്ചതാണ്. 360 ഡിഗ്രി കാഴ്ചയിൽ സൂര്യനെപ്പോലെ തോന്നുന്ന കേരളത്തിന്റെ 24 മാപ്പുകൾ ചേർത്തു വച്ചാണ് ലോഗോ സൃഷ്ടിച്ചിരിക്കുന്നത്.

24 തെങ്ങിൻ പട്ടകൾ ചേർത്തു വച്ച കേരവൃക്ഷത്തെ താഴെ നിന്ന് നോക്കി കാണുന്ന തരത്തിലാണ് ലോഗോയുടെ പുറം കാഴ്ച . അതേ സമയം തന്നെ സൂര്യനെയും അതിന്റെ രശ്മികളെയും ചക്രത്തെയും ലോഗോ പ്രതിനിധീകരിക്കുന്നു. സൂര്യനും അതിന്റെ രശ്മികളും പ്രതീക്ഷയും ജ്ഞാനോദയവും ശുഭാപ്തി വിശ്വാസവും സൂചിപ്പിക്കുന്നു. ചക്രം മനുഷ്യ പുരോഗതിയിൽ നിർണായകമായ ആദ്യ കണ്ടുപിടിത്തത്തെയും ശാസ്ത്രമണ്ഡലത്തെയും വേഗതയെയുമാണ് പ്രതിനിധീകരിക്കുന്നത്. കേരളത്തിന്റെ 24 മാപ്പുകൾ കൊണ്ട് സൃഷ്ടിച്ച ചക്രത്തിന്റെ കാലുകൾ/ 24 മണിക്കൂർ സൂചികൾ പുരോഗതിയെയും ചടുലതയെയും ഐക്യത്തെയും സ്ഥിരോത്സാഹത്തെയുമാണ് സൂചിപ്പിക്കുന്നത്.

കേരളീയം 2023 ന്റെ വിശേഷങ്ങളുമായി വെബ്‌സൈറ്റ്

നവംബർ ഒന്ന് മുതൽ ഏഴു വരെ തലസ്ഥാന നഗരിയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം 2023’ പരിപാടിയുടെ വെബ് സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. https://keraleeyam.kerala.gov.ഇൻ എന്ന വെബ് സൈറ്റിൽ കേരളീയം 2023 ന്റെ പൂർണ വിവരങ്ങൾ അറിയാം. സെമിനാറുകൾ, പ്രദർശനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, ചലച്ചിത്ര , പുസ്തക , പുഷ്പ, ഭക്ഷ്യ മേളകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം വെബ് സൈറ്റിൽ അറിയാം. മേളയോടനുബന്ധിച്ചു പൊതു ജനങ്ങൾക്കായുള്ള വിവിധ മത്സരങ്ങളും കേരളീയം 2023 വെബ് സൈറ്റ് വഴി സംഘടിപ്പിക്കുന്നുണ്ട്.

വരാൻ പോകുന്ന കാലത്ത് കേരളത്തിന്റെ സ്വീകാര്യത ലോകരംഗത്ത് ഉയർത്താൻ പോകുന്ന മഹാസംരംഭം എന്ന നിലയിലാവും ജനമനസുകളിൽ ഈ പരിപാടി ഇടം പിടിക്കാൻ പോകുന്നത്. കേരളം എന്തല്ല, എന്താണ് എന്ന് വിദേശികൾക്ക് അടക്കം മനസിലാക്കി കൊടുക്കാനാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. നവകേരളത്തെ എല്ലാ അർത്ഥത്തിലും ലോകസമക്ഷം അവതരിപ്പിക്കാൻ ശ്രമിക്കുന്ന പരിപാടി കേരളം എങ്ങനെ ഇന്നു കാണുന്ന നാടായെന്നും ഇനി എങ്ങനെ മാറും എന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള സ്ഥലങ്ങളിൽ കേരളീയവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടക്കും. കേരളത്തിന്റെ ചരിത്രവും വർത്തമാനവും വ്യക്തമാക്കുന്ന പ്രത്യേക ലൈറ്റ് ആൻഡ് സൗണ്ട് ഷോ കേരളീയത്തിന്റെ ഭാഗമാകും. ഇതിനായി സെക്രട്ടേറിയറ്റ് മന്ദിരം തന്നെ പ്രത്യേക സ്‌ക്രീനാക്കി മാറ്റും. സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ഒരു തീം കേരളീയത്തിന്റെ പ്രത്യേകതയാണ്. കാടുകളുടെയും ജലത്തിന്റെയും സംരക്ഷണം ആകും മുഖ്യ തീം.